കോൽക്കത്ത: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ നിർണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ. വിൻഡീസ് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം നാലു പന്തുകളും അഞ്ചുവിക്കറ്റും കൈയിലിരിക്കെ ഇന്ത്യ മറികടന്നു.
97 റൺസ് നേടിയ സഞ്ജു സാംസണാണ് ഇന്ത്യയുടെ വിജയ ശിൽപ്പി. 50 പന്തുകളിൽ നാലുസിക്സും 12 ഫോറുമടക്കം 97 റൺസ് നേടിയ സഞ്ജുവിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. സ്കോർ: വെസ്റ്റ് ഇൻഡീസ് 195/4 ഇന്ത്യ 199/5 (19.2).
മറുപടി ബാറ്റിംഗില്‍ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. മൂന്നാം ഓവറില്‍ അഭിഷേക് ശര്‍മയുടെ (10) വിക്കറ്റ് നഷ്ടമായി. അഞ്ചാം ഓവറില്‍ ഇഷാന് കിഷനും (10) മടങ്ങി. പിന്നാലെ സൂര്യകുമാര്‍ യാദവ് (18) സഞ്ജു കൂട്ടുകെട്ട് 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 11-ാം ഓവറില്‍ സൂര്യ മടങ്ങി.
തുടര്‍ന്നെത്തിയ തിലക് വര്‍മ (27) - സഞ്ജു സഖ്യം വേഗത്തില്‍ 42 റണ്‍സ് ചേര്‍ത്തു. എന്നാല്‍ 15-ാം ഓവറില്‍ തിലകും മടങ്ങി. തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യക്കും (17) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. 19-ാം ഓവറിലാണ് ഹാര്‍ദിക് മടങ്ങുന്നത്. എന്നാല്‍ സഞ്ജു - ശിവം ദുബെ സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസിന് വേണ്ടി ബാറ്റ് ചെയ്ത മിക്കവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 25 പന്തില്‍ 40 റണ്‍സ് നേടിയ റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി.
ടി20 ലോകകപ്പിൽ ഇന്ത്യ ചേസ് ചെയ്തു വിജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. 2014ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചേസ് ചെയ്ത 174 ആയിരുന്നു ഇതുവരെയുള്ള റിക്കാർഡ്. അഞ്ചിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന സെമിഫൈനലിൽ ഇന്ത്യ - ഇംഗ്ലണ്ടിനെ നേരിടും.